വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്‌ക്കര്‍ അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല നേരത്തെ മരണപ്പെട്ടിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ബാലഭാസ്കർ എന്ന പേരിനർഥം ‘ഉദയസൂര്യൻ’ എന്നാണ്. കാൽനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളിൽ വെളിച്ചം പകർന്നുനിന്ന ആ സൂര്യൻ അപ്രതീക്ഷിതമായി മാഞ്ഞുപോകുമ്പോൾ ഇരുട്ടിലാകുന്നത് ലക്ഷക്കണക്കിന് ആരാധകമനസ്സുകളാണ്. അപകടകാർമേഘത്തെ അതിജീവിച്ചെത്തി ഇനിയുമേറെക്കാലം പ്രകാശം ചൊരിയണേ എന്നു പ്രാർഥിച്ച കേരളത്തിനു ഇത് തോരാക്കണ്ണീർ.
എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ പൊതുവേദിയിലെത്തിയ ബാലപ്രതിഭ, എപ്പോഴും വയലിൻ നെഞ്ചോടണച്ചുപിടിച്ചു. രാജ്യാന്തര ശ്രദ്ധയിലേക്കെത്തിയ പ്രകടനങ്ങൾ, എണ്ണമറ്റ വേദികൾ... പതിനേഴാം വയസ്സിൽ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടു ചലച്ചിത്രരംഗത്തേക്കും.
ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുംനേരം തന്നെ ശാസ്ത്രീയ സംഗീതക്കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും ബാലഭാസ്കർ ശ്രദ്ധിച്ചു. ‘അതു രണ്ടും രണ്ടു തരത്തിലാണ്. ഫ്യൂഷനിൽ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ട്. എന്നാൽ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാൽ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ സംഗീതത്തിന്റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാൻ ശ്രമിക്കുക. എന്നാൽ ശാസ്ത്രീയ സംഗീത കച്ചേരികൾക്കു നിയതമായൊരു രൂപമുണ്ട്. അതിൽനിന്നു വ്യതിചലിക്കാൻ പാടില്ല. അതിന്റെ ഉള്ളിൽ നിൽക്കുമ്പോഴും ഞാൻ സന്തോഷിക്കുന്നു. രണ്ടിന്റെയും ഭംഗിയും ഞാൻ ആസ്വദിക്കുന്നു’- അദ്ദേഹത്തിന്റെ വാക്കുകൾ
No comments:
Post a Comment